തിരുക്കുറള്‍

കടവുള്‍ വാഴ്ത്തു (ദൈവസ്തുതി)

അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും
ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും. (1)

സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്റെ സത്‍പദം
തൊഴായ്‍കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം. (2)

മനമ‍ാംമലരേ വെല്ലുന്നവന്റെ വലുത‍ാംപദം
തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമുഴിയില്‍ (3)

ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്റെ കാല്‍
അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും. (4)

ഈശന്റെ വലുത‍ാംകീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ
ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ (5)

വാതിലഞ്ചും വെന്നവന്റെ നീതിയും നേരുമായിടും
വഴിയില്‍ പറ്റിനിന്നീടില്‍ വാഴുന്നു നെടുനാളവ‍ന്‍ (6)

ഉപമിപ്പാനൊന്നുമില്ലാതവന്റെ ചരണങ്ങളില്‍
ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോ ദുഃഖമകറ്റുവാന്‍.(7)

ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ
കര്‍മ്മക്കടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും. (8)

ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ
ഗുണമില്ലാത്തതും ജ്ഞാനഗുണഹീനാക്ഷമെന്നപോല്‍ (9)

ഈശന്‍പദത്തില്‍ ചേരായ്‍കില്‍ കടക്കുന്നില്ല ചേര്‍ന്നിടി‍ല്‍
കടന്നീടുന്നു ജനനപ്പെരുങ്കടലില്‍നിന്നവര്‍. (10)

വാന്‍ചിറപ്പ് (വര്‍ഷവര്‍ണനം)

മഴകാരണമായ് ലോകമഴിയാതെ വരുന്നിതു
അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടത‍ാം (1)

ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിതു
ഉണ്ണുമ്പോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും. (2)

ആഴിചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി
മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ചേര്‍ത്തിടും. (3)

മഴയാമൊരു സമ്പത്തിന്‍സമൃദ്ധി കുറവായിടി‍ല്‍
കൃഷിചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും. (4)

കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ്
എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും. (5)

വിണ്ണില്‍നിന്നു മഴത്തുള്ളിവീഴലില്ലായ്കിലെങ്ങുമേ
ഒരു പച്ചപ്പുല്ലുപോലും കാണ്മാനരുതു കണ്ണിനാല്‍. (6)

നെടുംകടലിനും മേന്മ കുറയും കൊണ്ടല്‍നീരിനെ
എടത്തു തന്നില്‍നിന്നങ്ങു കൊടുത്തീടാകില്‍ മാരിയെ. (7)

മഴപെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍
മഖവും പൂജയും മന്നില്‍നിന്നും ചെല്ലാതെയായിടും.  (8)

പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരിപെയ്യാതെയായിടില്‍
ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലതെയായിടും. (9)

നീരില്ലായ്‍കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ
മാരിയില്ലായ്‍കിലപ്പോഴാ നീരുമില്ലതെയായിടും. (10)

നീത്താര്‍പെരുമൈ (സന്ന്യാസിമഹിമ)

വഴിയേ സന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ്
നിന്നീടുന്നതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമ‍ാം  (21)

സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്‍കിലുര്‍വിയില്‍
ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമ‍ാം (22)

ബന്ധമോക്ഷങ്ങളില്‍ ഭേദം കണ്ടിങ്ങു കഠിനവ്രതം
പൂണ്ടവര്‍ക്കുള്ള മഹിമ ഭൂവിലേറ്റമുയര്‍ന്നത‍ാം (23)

വലുത‍ാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍
ജിതേന്ദ്രിയന്റെ ശക്തിക്കു മതിയാമൊരു സാക്ഷിയ‍ാം (24)

അറിവാമങ്കുശത്താലഞ്ചറിവ‍ാം വാരണങ്ങളെതളച്ചവന്‍
മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമ‍ാം (25)

കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍
ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത് (26)

ശബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും
അറിയുന്നവനില്‍ത്തന്നെ പെരുത‍ാം ലോകമൊക്കെയും (27)

പരിപൂര്‍ണ്ണവയസ്സുള്ള നരനില്‍ ഗരിമാവിനെ
അവരന്നരുളിച്ചെയ്തു മറയങ്ങറിയിച്ചിടും (28)

ഗുണമ‍ാം കുന്നേറിയങ്ങു നില്‍ക്കുന്ന മുനിമാരുടെ
കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത് (29)

സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍
അന്തണന്മാരെന്നു ചൊല്ലേണ്ടത് സന്ന്യാസിമാരെയ‍ാം (30)

വാഴ്കൈതുണൈ നലം (ഭാര്യാധര്‍മ്മം)

വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം
വ്യയവും ചെയ്കില്‍ തന്റെ വാഴ്ചയ്ക്കു തുണയാമവള്‍ (31)

ഗുണം കുടുംബിനിയ്ക്കില്ലാതാകി,ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും (32)

ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ടങ്ങൊന്നുമില്ലാതെയായിടും (33)

ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നീടില്‍
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍? (34)

ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേല്‍പ്പവള്‍ പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും (35)

തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയ‍ാം (36)

അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം (37)

നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേല‍ാം ശ്രേയസ്സൊക്കെ ലഭിച്ചിട‍ാം (38)

പേരു രക്ഷിക്കുന്ന നല്ല,നാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ (39)

നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്

സാരന‍ാം പുത്രനതിനു നേരായൊരു വിഭൂഷണം (40)

Share on Google Plus

About Unknown

LyRICHORDS is focussed on collecting database of lyrics from various languages in the media industry.