ശിവപ്രസാദപഞ്ചകം

ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!

പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.

ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.

കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.



Share on Google Plus

About Unknown

LyRICHORDS is focussed on collecting database of lyrics from various languages in the media industry.