ദൈവചിന്തനം 2

ജീവേശ്വരജഗദ്ഭേദരഹിതാദ്വൈതതേജസേ
സിദ്ധിവിദ്യാധരശിവശ്ചരവേ ഗുരവേ നമഃ
ഓം നമോനമസ്സമ്പ്രദായപരമഗുരവേ!
ജയ ജയ സ്വാമിന്‍
ഹാ! ഇതൊരു മഹാവിചിത്രം തന്നെ! നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തിരുവടിയില്‍ മരുമരീചികാപ്രവാഹംപോലെ പ്രഥമദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും ആലോചിക്കുമ്പോള്‍ ഗഗനാരവിന്ദത്തിന്റെ സ്ഥിതിപോലെതന്നെ ഇരിക്കുന്നു. അനൃതജഡദുഃഖരൂപമായിരിക്കുന്ന ഇത് നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടതുമല്ല, സ്വയമേവ ജാതവുമല്ല. നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയെങ്കില്‍ നിന്തിരുവടിയ്ക്ക് കരണകര്‍തൃദോഷമുണ്ടെന്നു പറയേണ്ട് വരും. നിന്തിരുവടി കരണകര്‍തൃദോഷമില്ലാത്ത ശുദ്ധ്യവ്യാപാരിയല്ലേ! അതുകൊണ്ട് അതൊരിക്കലും യുക്തമല്ല. ശുദ്ധ ജഡത്തിന് സ്വയമേവ ജാതമാകുന്നതിന് നിവൃത്തിയില്ല. ഇപ്രകാരം അനിര്‍വചനീയമായിരിക്കുന്ന ഈ പ്രപഞ്ചവും സച്ചിദാനന്ദഘനമായ നിന്തിരുവടിയും കൂടി തമഃപ്രകാശങ്ങള്‍ പോലെ സഹവാസം ചെയ്തുകൊണ്ടിരിക്കുന്നതുതന്നെ ഒരത്യദ്ഭുതം.
ഞങ്ങളുടെ ത്രികരണങ്ങളും പ്രവൃത്തികളും എല്ല‍ാം തേജോരൂപമായ നിന്തിരുവടിയുടെ നേരെ തമോമയമായ കര്‍പൂര ധൂളിയുടെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. അതുകൊണ്ടാണിപ്പോള്‍ നിരഹങ്കാരികളായ ഞങ്ങളും നിന്തിരുവടിയും തമ്മില്‍ യാതൊരു ഭേദവും ഇല്ല. ഭേദരഹിതന്മാരായ ന‍ാം ഇരുവരുടെയും മധ്യവര്‍ത്തിയായ ഭേദവ്യവഹാരവും എങ്ങനെയോ ചിരഞ്ജീവിയായുമിരിക്കുന്നു. നിന്തിരുവടിയും ഞങ്ങളും പ്രപഞ്ചവും ഈ ത്രിപദാര്‍ഥവും അനാദിനിത്യമായ നിന്തിരുവടി തന്നെ. അപ്പോള്‍ നിന്തിരുവടിയ്ക്ക് അദ്വൈതസിദ്ധിയും ഇല്ല. ഞങ്ങള്‍ക്ക് ബന്ധനിവൃത്തിയുമില്ല. ഇതുകൂടാതെയും നിന്തിരുവടിക്കും ഞങ്ങള്‍ക്കും തമ്മിലുള്ള സേവ്യസേവകഭാവത്തിനും ഹാനി വരുന്നുവെങ്കിലും നിത്യബദ്ധന്മാരായിരിക്കുന്ന ഞങ്ങള്‍ നിത്യമുക്തനായ നിന്തിരുവടിയെ സേവിക്കുന്നത് യുക്തം തന്നെ. നിത്യബദ്ധരുടെ ബന്ധനത്തിന് നിവൃത്തിയുമില്ല. അതുകൊണ്ട് അത് നിഷ്‌പ്രയോജനമായിത്തന്നെ തീരുന്നു. പ്രയോജനമില്ലാതെ പ്രവൃത്തി ചെയ്യുന്നത് മൗഢ്യമെന്നത്രെ പറവാന്‍ പാടുള്ളൂ. ഈ അനാദിയായ ഞങ്ങളുടെ മൗഢ്യവും നിന്തിരുവടിയില്‍ത്തന്നെ അവസാനിക്കുന്നു. ഇങ്ങനെയുള്ള സര്‍വ്വോപകാരിയായ നിന്തിരുവടിക്കായ്ക്കൊണ്ട് ഒരു വിധത്തിലും ഒന്നും ഉപകരിക്കുന്നതിന് ഞങ്ങള്‍ക്ക് ഭാഗ്യമില്ലാതെ ആയല്ലോ! ദൈവമേ ഈ വ്യസനവും നിന്തിരുവടിയില്‍ത്തന്നെ നിര്‍ധൂളിയായിരിക്കുന്നു.
ഇതെല്ല‍ാം പോകട്ടെ! ഏതു പ്രകാരമെങ്കിലും സ്വപ്നത്തില്‍ കണ്ട കഥയെ ജാഗ്രത്തില്‍ പ്രസംഗിച്ചു ക്രീഡിക്കുന്നതുപോലെ, രാജസതാമസവൃത്തികളില്‍ സ്ഫുരിച്ച് പടര്‍ന്നിരിക്കുന്ന ഈ അനൃതജഡബാധയെ ക്രീഡിച്ചൊടുക്കി, ആ നിശ്ചലവൃത്തി മാത്രമായി അനുഭവിച്ച് ആ അഖണ്ഡാകാരവൃത്തിയുടെ ഗോളസ്ഥാനത്തില്‍ നില്ക്കുന്ന ഞങ്ങള്‍ക്കും നിന്തിരുവടിയ്ക്കും തമ്മില്‍ സൂര്യപ്രകാശ-ഗോളങ്ങള്‍ക്കുള്ളതുപോലെ യാതൊരു വൈലക്ഷണ്യവും ഇല്ലെന്നുള്ള അനുഭൂതിയെ ദൃഢീകരിച്ച് ഭോഗഭോക്തൃഭോഗ്യാനുഭൂതി വിട്ട് ശരീരചേഷ്ടാമാത്ര പ്രവൃത്തിയോടുകൂടി യഥേഷ്ടം വിഹരിക്കുന്നതിന് നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടാകണം. അതിന്നായിക്കൊണ്ട് നമസ്കാരം, നമസ്കാരം, നമസ്കാരം.



Share on Google Plus

About Unknown

LyRICHORDS is focussed on collecting database of lyrics from various languages in the media industry.