ഇന്ദ്രിയ വൈരാഗ്യം

നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
ബോധംകളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-
രാതങ്കമില്ല,ടിയനുണ്ടിതു തീര്‍ക്ക ശംഭോ!

കാണുന്ന കണ്ണിനൊരുദണ്ഡവുമില്ല കണ്ടെന്‍-
പ്രാണന്‍വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ല‍ാം
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നി‍ന്‍-
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!

ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കി‍ല്‍
ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
വെക്കം തണപ്പുവെയിലോടു വിളങ്ങിടും നിന്‍-
പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!

തണ്ണീരുമന്നവുമറിഞ്ഞുതരുന്ന നിന്‍മെയ്
വെണ്ണീറണിഞ്ഞുവിലസുന്നതിനെന്തു ബന്ധം?
മണ്ണീന്നു തൊട്ടു മതിയന്തമിരുന്നു മിന്നും
കണ്ണിന്നു കഷ്ടമിതു നിന്റെ വിഭുതി ശംഭോ!

നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു
ജീവന്‍തളര്‍ന്നു ശിവമേ! കരചേര്‍ത്തിടേണം
ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി
മേവുന്നു, നിന്‍മഹിമയാരറിയുന്നു ശംഭോ!

നീരും നിരന്ന നിലവും കനലോടു കാറ്റും
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരില്‍ കിടന്നലയുമെ‍ന്‍ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!

നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
ജീവന്‍ വിടുമ്പൊഴതില്‍നിന്നു തെളിഞ്ഞിടും പി‍ന്‍
നാവിന്നു ഭുഷണമിതെന്നി നമുക്കു വേണ്ടാ.

കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
ചെയ്യുമ്പോഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?

ചിന്തിച്ചിടുന്നു ശിവമേ! ചെരുപൈതലാമെന്‍
ചിന്തയ്‍ക്കു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ
സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
തെന്തിങ്ങുനിന്നുഴറിയാലൊരു സാധ്യമയ്യോ!

അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെ‍ന്‍-
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍
കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
പൊയ്യിങ്കില്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്.



Share on Google Plus

About Unknown

LyRICHORDS is focussed on collecting database of lyrics from various languages in the media industry.